മോഡിക്കെതിരെ ബൃഹദ‌് ജനകീയകൂട്ടായ്‌‌‌മ രൂപപ്പെടും

മോഡിക്കെതിരെ ബൃഹദ‌് ജനകീയകൂട്ടായ്‌‌‌മ രൂപപ്പെടും: യെച്ചൂരി
@NewsHead

കൊൽക്കത്ത > കേന്ദ്രസർക്കാരിനെതിരായ ജനരോഷം രാജ്യവ്യാപകമായി വർധിച്ചുവരികയാണെന്നും എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും യോജിച്ച് ബിജെപിയെ താഴെയിറക്കാൻ പദ്ധതിക്ക് രൂപംനൽകി വരികയാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം  രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവവും ജനാധിപത്യസംവിധാനവും  സംരക്ഷിക്കാനും ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താനും കഴിയില്ല. മോഡിക്കെതിരായ ജനകീയ ഐക്യം  വർധിക്കുകയാണെന്നും സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ജനാധിപത്യകക്ഷികളിലുമുള്ള സാധാരണജനങ്ങൾ മോഡിക്കെതിരായ കൂട്ടായ്മയ്ക്കുവേണ്ടി തങ്ങളുടെ നേതാക്കളിൽ സമ്മർദം ചെലുത്തുകയാണ‌്. നേതാക്കൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. അതിനാൽ ബൃഹദ‌് ജനകീയകൂട്ടായ്മ രൂപപ്പെടുകതന്നെ ചെയ്യും. ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പ്  ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ പൂർണസഖ്യം സാധ്യമായില്ലെങ്കിലും തെരഞ്ഞെടുപ്പിനുശേഷമുള്ള പരിതസ്ഥിതിക്കനുസരിച്ച് അത് രൂപപ്പെടാനുള്ള സാധ്യതയാണ് ഏറെ.

1989, 1996, 2004 വർഷങ്ങളിലുണ്ടായ കൂട്ടായ്മ ആവർത്തിക്കും. ഒാരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പരിതസ്ഥിതിക്കനുസരിച്ച് ബിജെപിവിരുദ്ധ സഖ്യം രൂപംകൊള്ളും. പല സംസ്ഥാനങ്ങളിലും വിവിധ പ്രാദേശിക പാർടികളാണ് മുഖ്യശക്തികൾ. അവരാണ് അതിന് മുൻകൈ എടുക്കേണ്ടത‌്.

ബംഗാളിൽ മമത ബാനർജിയെ ജനാധിപത്യസഖ്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. ബിജെപിയുടെ മറുപതിപ്പാണ് തൃണമൂൽ. ജനാധിപത്യവിരുദ്ധ പ്രവർത്തനമാണ് മമതയുടെ മുഖമുദ്ര.  ബംഗളിൽ എന്താണ് നടക്കുന്നതെന്ന‌് രാജ്യത്തൊട്ടാകെ അറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒട്ടാകെ വൻ അക്രമത്തിലൂടെ തൃണമൂൽ അട്ടിമറിച്ചെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

For InstantView News @NewsHeadIV