പയ്യോളി മനോജ് വധക്കേസ്

പയ്യോളി മനോജ് വധക്കേസ്: സിപിഐ എം നേതാക്കൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്‌
@NewsHead

കൊച്ചി/കൊയിലാണ്ടി
പയ്യോളിയിലെ ബിജെപി പ്രവർത്തകനായ മനോജിന്റെ വധവുമായി ബന്ധപ്പെട്ട് സിബിഐ കള്ളക്കേസിൽ കുടുക്കിയ സിപിഐ എം നേതാക്കൾക്ക് ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ്‌ അനുവദിച്ചു. സിബിഐ എതിർത്തെങ്കിലും ജസ്റ്റിസ് എബ്രഹാം മാത്യു പ്രതികളുടെ ഹർജി അനുവദിക്കുകയായിരുന്നു. എറണാകുളം ജില്ല വിടരുതെന്ന വ്യവസ്ഥയിലാണ് ഇളവ്. കോടതി നിർദേശപ്രകാരം എറണാകുളത്ത് താമസിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്നും  കേസിലെ മറ്റു പ്രതികൾക്ക് ഇത്തരം ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേസന്വേഷണം ഫലത്തിൽ പൂർത്തിയായെങ്കിലും അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ സിബിഐ തയ്യാറായിട്ടില്ല.

ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, പയ്യോളി ലോക്കൽകമ്മിറ്റി സെക്രട്ടറി പി വി രാമചന്ദ്രൻ, ഏരിയാ കമ്മറ്റിയംഗവും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന സി സുരേഷ്ബാബു,  ലോക്കൽകമ്മിറ്റിയംഗം കെ കെ പ്രേമൻ,  മൂടാടി ലോക്കൽ കമ്മിറ്റിയംഗം പി അനൂപ്കുമാർ,  പയ്യോളി ലോക്കൽകമ്മിറ്റിയംഗം എൻ സി മുസ്തഫ, പയ്യോളി നഗരസഭാംഗം  കെ ടി ലികേഷ്,  പ്രവർത്തകരായ മൂടാടിയിലെ രതീഷ്, തിക്കോടിയിലെ പി കെ കുമാരൻ, മുചുകുന്നിലെ അരുൺനാഥ് എന്നിവരുടെ ജാമ്യവ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു. 2018 മാർച്ച് 19നാണ് സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സിപിഐ എം കോഴിക്കോട് ജില്ലാസമ്മേളനം കൊയിലാണ്ടിയിൽ ആരംഭിക്കുന്നതിന് തലേദിവസം കഴിഞ്ഞ ഡിസംബർ 28നാണ് ജില്ലാ കമ്മിറ്റി അംഗം ടി ചന്തു ഉൾപ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാനെന്ന പേരിൽ വിളിപ്പിച്ച് അറസ‌്റ്റു ചെയ്തത്. പതിമൂന്ന് ദിവസം സിബിഐ കസ്റ്റഡിയിൽ വച്ചതിനുശേഷമാണ് കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ പാർപ്പിച്ചത്.

ഇവരെ പുറത്തുവിടാതിരിക്കാനായി സിബിഐ നിരന്തരം നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി 82 ദിവസമാണ് കാക്കനാട്  ജയിലിൽ കഴിയേണ്ടി വന്നത്. തുടർന്ന് എറണാകുളം ജില്ല വിട്ടുപോകരുതെന്നും പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എത്തരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പയ്യോളിയിൽനിന്ന് അറസ്റ്റു ചെയ്തതു മുതൽ  199 ദിവസങ്ങൾക്കു ശേഷമാണ് വീടുകളിലേക്ക് പോകാനുള്ള അനുമതിയായത‌്. ഹൈക്കോടതിയിൽ അഭിഭാഷകരായ എം അശോകൻ (കോഴിക്കോട്),  എസ് കെ ഷാജി (എറണാകുളം) എന്നിവരാണ് പ്രതികൾക്കുവേണ്ടി ഹാജരായത്.

For InstantView News @NewsHeadIV