പിഎസ‌്സി എംപ്ലോയീസ‌് യൂണിയൻ സംസ്ഥാന സമ്മേളനത്തിന‌് ഉജ്വല തുടക്കം

പിഎസ‌്സി എംപ്ലോയീസ‌് യൂണിയൻ സംസ്ഥാന സമ്മേളനത്തിന‌് ഉജ്വല തുടക്കം
@NewsHead

തിരുവനന്തപുരം
കേരള പിഎസ‌്സി എംപ്ലോയീസ‌് യൂണിയൻ നാൽപ്പത്തഞ്ചാം സംസ്ഥാന സമ്മേളനത്തിന‌് തിരുവനന്തപുരത്ത‌് ഉജ്വല തുടക്കം. എ കെ ജി ഹാളിൽ വിദ്യാഭ്യാസമന്ത്രി  സി രവീന്ദ്രനാഥ‌് ഉദ‌്ഘാടനം  ചെയ‌്തു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകർക്കാനുള്ള കുത്സിതശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന‌് അദ്ദേഹം പറഞ്ഞു. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്ന  രണ്ട‌് വർഷത്തിനിടെ  പിഎസ‌്സി വഴി റെക്കോഡ‌് നിയമനമാണ‌് നടത്തിയത‌്. നിരവധി പുതിയ തസ‌്തികകൾ സൃഷ്ടിച്ചു. ഇത‌് മാതൃകയാണ‌്. ബദൽ നയം ഉയർത്തി എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾക്ക‌് മുഴുവൻ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്നും  അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ‌് എച്ച‌് സബിത ജാസ‌്മിൻ അധ്യക്ഷയായി. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു, സർവീസ‌് സംഘടനാനേതാക്കളായ ടി സി മാത്തുക്കുട്ടി, കെ സി ഹരികൃഷ‌്ണൻ, ടി എസ‌് രഘുലാൽ, കൃഷ‌്ണകുമാർ, കെ എൻ അശോക‌്കുമാർ, ഹരിലാൽ, വി സുരേഷ‌്കുമാർ, എം കുഞ്ഞുമോൻ, കെ സുബ്രഹ‌്മണ്യൻ, ഡോ. കെ കെ ദാമോദരൻ, ഡോ. പി എൻ ഹരികുമാർ, യൂണിയൻ ജനറൽ സെക്രട്ടറി എം ഷാജഹാൻ, സെക്രട്ടറി കെ വി സുനുകുമാർ എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ എച്ച‌് സബിതാ ജാസ‌്മിൻ പതാക ഉയർത്തി. കെ സെബാസ‌്റ്റ്യൻ രക്തസാക്ഷി പ്രമേയവും കെ വി സുനുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യാത്രയയപ്പ‌് സമ്മേളനം മന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ‌്ഘാടനംചെയ‌്തു. യൂണിയൻ വൈസ‌് പ്രസിഡന്റ‌് ബി ജയകുമാർ അധ്യക്ഷനായി. പിഎസ‌്സി അംഗം പി എച്ച‌്‌ എം ഇസ‌്മായിൽ, എൻ രാധാകൃഷ‌്ണൻനായർ, കെ സെബാസ‌്റ്റ്യൻ, കെ പ്രശാന്ത‌്കുമാർ എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ‌്  എസ‌് ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി എ ശിവൻ, ടി ജെ ജോസ‌്, പി എൻ സോമരാജ‌്, എസ‌് അജയകുമാർ എന്നിവർക്ക‌് യാത്രയയപ്പ‌് നൽകി. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം ഷാജഹാൻ പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിച്ചു. തുടർന്ന‌് ചർച്ച ആരംഭിച്ചു. ശനിയാഴ‌്ച രാവിലെ 9 മുതൽ പട്ടത്തെ പിഎസ‌്സി പരീക്ഷാഹാളിൽ പ്രതിനിധി സമ്മേളനം തുടരും. 11 ന‌് നടക്കുന്ന ട്രേഡ‌് യൂണിയൻ സമ്മേളനം ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് ഉദ‌്ഘാടനം ചെയ്യും . മാറുന്ന തൊഴിൽനിയമങ്ങളും പൊതു റിക്രൂട്ട‌്മെന്റ‌് സംവിധാനങ്ങളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. വൈകിട്ട‌് സമ്മേളനം സമാപിക്കും.

For InstantView News @NewsHeadIV