കൊട്ടിയൂർ പീഡനം

കൊട്ടിയൂർ പീഡനം: പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം‐ സുപ്രീംകോടതി
@NewsHead

ന്യൂഡൽഹി
കൊട്ടിയൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതെന്ന് സുപ്രീംകോടതി. കേസിലെ വിചാരണനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റർ ഡോക്ടർ ടെസ്സി തോമസ്, ഡോ. ഹൈദരാലി, ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് തേരകം, സിസ്റ്റർ ആൻസി മാത്യു തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കുറ്റപത്രം റദ്ദാക്കാനായി നൽകിയിട്ടുള്ള ഹർജിയിൽ ഉത്തരവുണ്ടാകുന്നതുവരെ വിചാരണനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ, ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പ്രതികൾ മറച്ചുവച്ചത് ഗുരുതര വിഷയമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്, പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് കോടതിയും നിരീക്ഷിച്ചത്. കേസിൽ ആഗസ്ത് ഒന്നിന് വിചാരണ നടപടി തുടങ്ങാനിരിക്കെയാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികളിൽ 26ന് വാദംകേൾക്കാമെന്ന് കോടതി അറിയിച്ചു.

For InstantView News @NewsHeadIV