കാറ്റും മഴയും

കാറ്റും മഴയും: ലാ‍ന്‍ഡിങ്ദിശ തെറ്റി വിമാനമിറങ്ങി
@NewsHead

നെടുമ്പാശേരി
നെടുമ്പാശേരി വിമാനത്താവളത്തിൽ ശക്തമായ കാറ്റിലും മഴയിലും ലാന്‍‍ഡിങ് ദിശ തെറ്റിയ വിമാനത്തെ വൻ ദുരന്തത്തിൽനിന്നു രക്ഷിച്ചത‌്  പൈലറ്റിന്റെ അവസരോചിത ഇടപെടൽ. 306 യാത്രക്കാരുമായി എത്തിയ ഖത്തർ എയർവേയ്‌സ് വിമാനമാണ് വെള്ളിയാഴ്ച പുലർച്ചെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  റൺവേയുടെ മധ്യരേഖയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ഏതാനും മീറ്റർ വലത്തേക്കു മാറിയാണ‌് ഇറങ്ങിയത്.
ഖത്തർ എയർവേയ്‌സിന്റെ ക്യൂ ആർ 516 വിമാനം  ദോഹയിൽനിന്ന് പുലർച്ചെ 2.19നാണ് കൊച്ചിയിൽ എത്തിയത്. ലാൻഡിങ‌് ആരംഭിക്കുമ്പോൾ കാലാവസ്ഥ അനുകൂലമായിരുന്നു. പക്ഷെ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പെട്ടന്ന‌് അതിശക്തമായ മഴ പെയ‌്തു. കാറ്റും ആഞ്ഞുവീശി. പതറിപ്പോകാതിരുന്ന പൈലറ്റ‌്  വിമാനത്തെ കൃത്യമായ പാതയിൽ കൊണ്ടുവന്ന‌്  അപകടമോ തകരാറോ കൂടാതെ പാർക്കിങ് സ്ഥാനത്ത‌് എത്തിച്ചു. വിമാനത്തിന‌് ഉലച്ചിലുണ്ടാകാത്തതിനാൽ യാത്രക്കാർ അറിഞ്ഞില്ല.

റൺവേയുടെ വലതുഭാഗത്തുള്ള 12 ലൈറ്റുകൾക്ക് കേടുപറ്റിയതായി പിന്നീട‌്  പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് അടിയന്തരമായി റൺവേ വൃത്തിയാക്കി. ഒരു വിമാനവും മറ്റു വിമാനത്താവളങ്ങളിലേയ്ക്ക്  തിരിച്ചുവിടേണ്ടിവന്നില്ല. കൊച്ചിയിൽനിന്ന് ദുബായ്ക്ക് പോകാനുള്ള ഫ്‌ളൈ ദുബായ് വിമാനവും ദുബായിൽനിന്ന് കൊച്ചിയിൽ ഇറങ്ങാനുള്ള എമിറേറ്റ്‌സ് വിമാനവും ഏതാനും മിനിറ്റ‌് വൈകി. 3.38ന് റൺവേ പരിശോധന പൂർത്തിയാക്കി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കി. ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ ദോഹയിലേക്കുള്ള സർവീസ്  റദ്ദാക്കി. ടയറിനുണ്ടായ തകരാര്‍ പരിഹരിച്ച് വിമാനം യാത്രക്കാരില്ലാതെ വൈകിട്ടുതന്നെ ഖത്തറിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ്  സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതായി സിയാൽ അധികൃതർ പറഞ്ഞു.

For InstantView News @NewsHeadIV