സാമൂഹ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ‌്

സാമൂഹ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ‌് : കേന്ദ്രത്തിന‌് സുപ്രീംകോടതിയുടെ രൂക്ഷവിമർശം
@NewsHead

ന്യൂഡൽഹി
സാമൂഹ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വാട‌്സാപ‌്, ഫെയ്സ്ബുക‌്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഒാരോ പൗരന്മാരുടെയും സന്ദേശങ്ങൾ പരിശോധിക്കാൻ തുടങ്ങിയാൽ രാജ്യം മുഴുവൻ ഭരണനേതൃത്വത്തിന്റെ നിരീക്ഷണത്തിലാകുമെന്ന‌് കോടതി ചൂണ്ടിക്കാട്ടി. നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് സർക്കാരിന് നോട്ടീസയച്ചു. സാമൂഹ്യമാധ്യമങ്ങളിലെ ഒാരോ ചലനവും നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'സോഷ്യൽ മീഡിയ ഹബ്ബ്' രൂപീകരിക്കാനുള്ള കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹ്വവ മോയിത്ര നൽകിയ പൊതുതാൽപ്പര്യഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും മേൽനോട്ടം വഹിക്കാനും അനുയോജ്യമായ ഏജൻസിയെ തെരഞ്ഞെടുക്കുന്നതിന് പൊതുമേഖല സ്ഥാപനമായ ദി ബ്രോഡ്കാസ്റ്റിങ് എൻജിനിയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) 2018 ജൂണിൽ ടെൻഡർ ക്ഷണിച്ചിരുന്നു. ഫെയ‌്സ്ബുക‌്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട‌്സാപ‌് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ പൗരന്മാരുടെ ഇടപെടലുകൾ 24 മണിക്കൂറും നിരീക്ഷിക്കുകയാണ് ഹബ്ബിന്റെ മുഖ്യദൗത്യം. സാമൂഹ്യമാധ്യമങ്ങളിൽ ഏതൊക്കെ രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ആരൊക്കെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത് തുടങ്ങിയവ പരിശോധിച്ച് പൗരന്മാരെ 'പോസിറ്റീവ്', 'നെഗറ്റീവ്' എന്നിങ്ങനെ തരംതിരിക്കുകയാണ് ഹബ്ബിന്റെ പ്രവർത്തനശൈലി. സാമൂഹ്യമാധ്യമങ്ങളെ കേന്ദ്രസർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കമാണിതെന്ന വിമർശം വ്യാപകമാണ‌്.

കേന്ദ്രസർക്കാർ നീക്കം ഭരണഘടനയുടെ 14, 19(1)(എ), 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നവരുടെ വായ തുന്നിക്കെട്ടാനുള്ള നീക്കമാണിതെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ ഹബ്ബിന്റെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളെ നിശ്ചലമാക്കാനാണ് സർക്കാർ നീക്കമെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ  ഒാരോ സന്ദേശവും ചോർത്താനും തരംതിരിക്കാനുമാണ് നീക്കമെങ്കിൽ ഭരണനേതൃത്വത്തിന്റെ നിരീക്ഷണമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ബെഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. കേസിൽ ആഗസ്ത് മൂന്നിന് വിശദവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാബെഞ്ചിന്റെ വിധിന്യായത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി ഉയർത്തിപ്പിടിച്ചിരുന്നു.

For InstantView News @NewsHeadIV