പാകിസ്ഥാനിൽ തെരഞ്ഞെടുപ്പു റാലിക്കിടെ സ്‌ഫോടനം ; സ്ഥാനാർഥിയടക്കം 90 മരണം

പാകിസ്ഥാനിൽ തെരഞ്ഞെടുപ്പു റാലിക്കിടെ സ്‌ഫോടനം ; സ്ഥാനാർഥിയടക്കം 90 മരണം
@NewsHead

കറാച്ചി
പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ‌് റാലിക്കിടെയുണ്ടായ സ‌്ഫോടനത്തിൽ സ്ഥാനാർഥിയടക്കം 90 പേർ കൊല്ലപ്പെട്ടു. 180 ഓളം പേർക്ക‌് പരിക്കേറ്റു. ബലുചിസ്ഥാൻ‐ഖൈബർ പഖ‌്തുൻഖ‌്വ മേഖലയിലായിരുന്നു സ‌്ഫോടനം. ബലുചിസ്ഥാൻ അവാമി പാർടിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണപരിപാടിയിലാണ‌്  സ‌്ഫോടനമുണ്ടായത‌്.  പരിക്കേറ്റ പാർടി നേതാവും സ്ഥാനാർഥിയുമായ സിറാജ‌് റെയ‌്സാനി ക്വറ്റയിലേക്ക‌് കൊണ്ടുപോകുംവഴി മരിച്ചു. മുൻ ബലൂചിസ്ഥാൻ മുഖ്യ മന്ത്രി നവാബ‌് അസ‌്ലം റെയ‌്സാനിയുടെ സഹോദരനാണ‌് കൊല്ലപ്പെട്ട സിറാജ‌് റെയ‌്സാനി.

ആക്രമണത്തെ പാക്‌ പ്രസിഡന്റ്‌ മംനൂൺഹുസൈനും പ്രധാനമന്ത്രി നസീറുൾ മുൾക്കും അപലപിച്ചു. ചാവേറാക്രമണമാണെന്ന‌്‌ ബോംബ‌് സ‌്ക്വാഡ‌് കണ്ടെത്തിയിട്ടുണ്ട‌്. ജാമിയാത്ത‌് ഉലമേ ഇ ഇസ്ലാം ഫസൽ പാർടി നേതാവ‌് അക്രം ഖാന്റെ തെരഞ്ഞെടുപ്പ‌് റാലിക്കുനേരെ ആക്രമണം നടന്ന‌് മണിക്കൂറുകൾക്കകമാണ‌് പുതിയ ആക്രമണം. ഈ ആക്രമണത്തിൽ അഞ്ചുപേർ മരിക്കുകയും 37ഓളം പേർക്ക‌് പരിക്കേൽക്കുകയും ചെയ‌്തിരുന്നു. അക്രം ഖാൻ പരിക്കുകളില്ലാതെ രക്ഷപെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം പെഷവാറിൽ നടന്ന ചാവേറാക്രമണത്തിൽ അവാമി നാഷണൽ പാർടി നേതാവ‌് ഹാറൂൺ ബിലൗർ കൊല്ലപ്പെട്ടിരുന്നു. ഈ  ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ തെഹ‌്‌രീക്ക‌്‐ഇ‐ താലിബാൻ ഏറ്റെടുത്തു.

For InstantView News @NewsHeadIV