നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പരിശോധന

നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പരിശോധന
@NewsHead

കൊണ്ടോട്ടി/കൊച്ചി/അടിമാലി
മഹാരാജാസ് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട‌് സംസ്ഥാന പ്രസിഡന്റ‌് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ‌് പരിശോധന. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഇ‌ടുക്കിയിലുമായി 39 എസ‌്ഡിപിഐ പ്രവർത്തകരെ കസ‌്റ്റഡിയിലെടുത്തു. വിവിധ ഭാഗങ്ങളിൽനിന്ന‌് കസ‌്റ്റഡിയിലെടുത്തവരിൽ കേസുമായി ബന്ധമുണ്ടെന്ന‌ു സംശയിക്കുന്നവരെ കൊച്ചിയിലെത്തിച്ച‌് അന്വേഷണസംഘം ചോദ്യംചെയ്യും.  അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചെന്നും കൊലപാതകികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡിജിപി ലോക‌്നാഥ‌് ബെഹ്റ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സംഘടനകളോ നേതാക്കളോ പ്രതികളെ ഒളിവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തെ
തുടർന്നാണ് വെള്ളിയാഴ‌്ച പകൽ ഒന്നോടെ വാഴക്കാട‌് പഞ്ചായത്തിലെ എളമരത്ത് നസറുദ്ദീന്റെ വീട്ടിൽ പരിശോധന നടത്തിയത്.  ഈ സമയം നസറുദ്ദീൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്ന‌് മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന പാലക്കാട‌് ജില്ലാ പൊലീസ‌് മേധാവി ദേബേഷ‌്കുമാർ ബെഹ‌്റ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും വീടുകളിലും നടത്തിവരുന്ന പരിശോധനയുടെ തുടർച്ചയായാണ‌് പൊലീസ‌് നസറുദ്ദീന്റെ വീട്ടിലുമെത്തിയത‌്. കഴിഞ്ഞ ദിവസം വാഴക്കാട‌് എളമരത്തെ കോട്ടേജിലും എടവണ്ണപ്പാറയിലെ കംപ്യൂട്ടർ സെന്ററിലും പരിശോധന നടത്തിയിരുന്നു. ഇരു സ്ഥാപനങ്ങളുടെയും നിയന്ത്രണം നസറുദ്ദീനാണ്‌.

സംസ്ഥാനത്താകെയുള്ള പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകർ ഇയാളുടെ കോട്ടേജിൽ താമസിക്കാറുണ്ട‌്. വാടകക്കാർ എന്ന വ്യാജേനയാണ‌് പോപ്പുലർ ഫ്രണ്ടുകാർ ഇവിടെ താമസിക്കുന്നത‌്. അഭിമന്യു കൊലക്കേസ‌് പ്രതികളും ഇവിടെ എത്തിയതായി അഭ്യൂഹമുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട 26 എസ‌്ഡിപിഐ പ്രവർത്തകരെ കൊച്ചിയിലും 13 എസ്‌ഡിപിഐ പ്രവർത്തരെ ഇടുക്കിയിലും  കസ‌്റ്റഡിയിലെടുത്തു. കരുതൽ തടങ്കൽ പ്രകാരം അടിമാലി മന്നാങ്കാല കമ്മലയിൽ നിസാറിനെ കസ്റ്റഡിയിൽ എടുത്ത്‌ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞദിവസം അറസ‌്റ്റ‌്ചെയ‌്ത എറണാകുളം വെണ്ണല സ്വദേശി അനൂപ‌്, തോപ്പുംപടി കരുവേലി സ്വദേശി നിസാർ എന്നിവരെ റിമാൻഡ‌്ചെയ‌്തു.
മലപ്പുറം ജില്ലയിലെ മറ്റ‌് പ്രധാന പോപ്പുലർ  ഫ്രണ്ട് കേന്ദ്രങ്ങളില്‍ ശനിയാഴ‌്ച റെയ‌്ഡ‌് നടത്തിയിരുന്നു.

For InstantView News @NewsHeadIV