കില്ലർ ഫ്രണ്ടിന‌് കൂട്ട‌് യുഡിഎഫ‌ും മാധ്യമങ്ങളും

കില്ലർ ഫ്രണ്ടിന‌് കൂട്ട‌് യുഡിഎഫ‌ും മാധ്യമങ്ങളും
@NewsHead

സ്വന്തംലേഖകൻ
തീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിന‌് താങ്ങും തണലുമായി നിൽക്കുന്നത‌് യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും. ഇതിന്റെ പ്രത്യക്ഷ തെളിവാണ‌് ആഴ‌്ചകൾക്കുമുമ്പ‌് ആലുവയിൽ പൊലീസിനെ ആക്രമിച്ച സംഭവം. പൊലീസിനെ ഏകപക്ഷീയമായി ആക്രമിക്കുകയും പിന്നീട‌് കള്ളക്കഥകൾ മെനയുകയുംചെയ‌്ത  സംഘത്തിനുവേണ്ടി നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത‌് കോൺഗ്രസ‌് എംഎൽഎ അൻവർ സാദത്ത‌്. തുടർന്ന‌്  പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിൽ സഭാനടപടികൾ സ‌്തംഭിപ്പിച്ചു.  അന്ന‌്  നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ‌്താവനയെ വളച്ചൊടിച്ചും ആലുവ സംഭവത്തെ വക്രീകരിച്ചും ചാനൽ ചർച്ചയിൽ മാതൃഭൂമി വാർത്താ അവതാരകൻ വർഗീയപ്രചാരണം നടത്തി.  അവതാരകനെ   ന്യായീകരിച്ച‌് ചെന്നിത്തല നടത്തിയ പ്രസംഗം തീവ്രവാദസംഘടനയോട‌് യുഡിഎഫിനുള്ള മൃദുസമീപനം തുറന്നുകാട്ടുന്നതായിരുന്നു‌.

ആലുവയിൽ ഒരുസംഘം തീവ്രവാദികൾ നിയമം  കൈയിലെടുത്തത‌് അംഗീകരിക്കാനാകില്ലെന്ന‌് പറഞ്ഞ മുഖ്യമന്ത്രി ആലുവ സ്വതന്ത്ര റിപ്പബ്ലിക‌് അല്ലെന്ന‌് ചൂണ്ടിക്കാട്ടിയതിനെയും പ്രതിപക്ഷവും മാധ്യമങ്ങളും അന്ന‌് വളച്ചൊടിച്ചു. മറ്റ‌് പ്രദേശങ്ങളെ പോലെതന്നെ ആലുവയിലും നീതിനിർവഹണം ഉറപ്പാക്കുന്നതിന്റെ ആവശ്യകതയും അവിടെ ചില ഛിദ്രശക്തികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുകയുമാണ‌് മുഖ്യമന്ത്രി ചെയ‌്ത‌ത‌്.

എന്നാൽ, ആലുവ സ്വതന്ത്ര റിപ്പബ്ലിക‌് ആയി പ്രവർത്തിക്കുന്നുവെന്ന‌്  പറഞ്ഞെന്ന‌് ആരോപിച്ച‌് പ്രതിപക്ഷം പുകമറ സൃഷ്ടിച്ചു. ഇതിന‌് എരിവ‌് പകരുകയായിരുന്നു ചില മാധ്യമങ്ങൾ.  ‘വിശുദ്ധമാസത്തിൽ ഉമിനീരുപോലും ഇറക്കാതെ നൊയമ്പ‌് എടുത്ത വിശ്വാസികളെ’ പൊലീസ‌് മർദിച്ചെന്നായിരുന്നു മാതൃഭൃൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ‌്ണന്റെ പരാമർശം. ഈ വർഗീയ പരാമർശത്തിനെതിരെ സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ കേസ‌് എടുക്കുകയെന്ന സ്വാഭാവിക നടപടിയാണ‌് പൊലീസ‌് ചെയ‌്തത‌്. അതിനെയും എതിർത്ത‌് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. കേസെടുത്തതിനെ പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാക്കി വ്യാഖ്യാനിച്ചതിനുപിന്നിലെ അജൻഡ എസ‌്ഡിപിഐയെയും ഈ തീവ്രവാദശക്തികളെയും സഹായിക്കുകയെന്നതാണ‌്.

നാടിന്റെ പൊതുവികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉൾപ്പെടെ നുഴഞ്ഞുകയറി കലാപത്തിന‌് ശ്രമിക്കുകയെന്നത‌് എസ‌്ഡിപിഐയുടെയും തീവ്രവാദശക്തികളുടെയും പതിവായി മാറിക്കഴിഞ്ഞു.

കോഴിക്കോട‌് ജില്ലയിലെ കിനാലൂർ റോഡ‌് വികസനംതൊട്ട‌് ഏറ്റവും ഒടുവിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട‌് മലപ്പുറം ജില്ലയിൽ സൃഷ്ടിച്ച കലാപത്തിൽ വരെ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനും യുഡിഎഫും ചില മാധ്യമങ്ങളും നുണക്കഥകളുടെ അകമ്പടിയോടെ  പിന്തുണയും സഹായവും നൽകി.

For InstantView News @NewsHeadIV