ഭൂരഹിതരായ 1000 ആദിവാസികൾക്ക‌് ഭൂമി

ഭൂരഹിതരായ 1000 ആദിവാസികൾക്ക‌് ഭൂമി
@NewsHead

ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി വിലയ‌്ക്ക‌് വാങ്ങി സൗജന്യമായി  നൽകുന്നതിന‌് സംസ്ഥാന സർക്കാർ ആവിഷ‌്കരിച്ച പദ്ധതിയിലേക്ക‌് ഭൂമി നൽകാൻ 551 ഭൂവുടമകൾ സന്നദ്ധത അറിയിച്ചു. ഇങ്ങനെ ലഭ്യമാക്കുന്ന 1210.93 ഏക്കർ ഭൂമി വിലയ‌്ക്ക‌് വാങ്ങി നൽകാൻ സർക്കാർ നടപടി തുടങ്ങി. ആദ്യഘട്ടം 1,000 ആദിവാസികൾക്ക‌് ഭൂമി നൽകും.

ആദിവാസി പുനരധിവാസ വികസന ജില്ലാമിഷൻ ചെയർമാൻ കൂടിയായ കലക്ടർമാർ  ഭൂമിവിൽക്കാൻ സജ്ജരായവരെ കണ്ടെത്തി ഇവരിൽനിന്ന‌്  ഭൂമി വിലയ‌്ക്ക‌് വാങ്ങി ലാൻഡ‌് ബാങ്ക‌് രൂപീകരിക്കുകയും അർഹരായ ഗുണഭോക്താക്കൾക്ക‌് വിതരണം ചെയ്യുന്നതുമാണ‌് പദ്ധതി. കലക്ടർമാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഭൂമിവിൽക്കാൻ താൽപ്പര്യമുണ്ടെന്ന‌് അറിയിച്ച അപേക്ഷകളിൽ പരിശോധനാനടപടികൾ ആരംഭിച്ചു. ഈ മാസം സ്ഥലപരിശോധനയും ആഗസ‌്തിൽ മറ്റ‌് നടപടിക്രമങ്ങളും പൂർത്തിയാക്കും. തുടർന്ന‌് ഭൂമിവിതരണം ആരംഭിക്കും.

പദ്ധതിയിലേക്ക‌് ഭൂമിവിൽക്കാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ കലക്ടർമാർ പുറപ്പെടുവിച്ച വിജ്ഞാപനത്തോട‌് മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത‌്. കാസർകോട്ട‌് മാത്രം  200 അപേക്ഷകളാണ‌് പട്ടികവർഗ വികസനവകുപ്പിന‌് ലഭിച്ചത‌്. 466 ഏക്കറാണ‌് വിൽപ്പനയ‌്ക്ക‌ുള്ളത‌്.
മറ്റുജില്ലകളിലെ അപേക്ഷകരുടെയും ഭൂമിയുടെയും  വിവരം‐ വയനാട‌് 106 (229.85 ഏക്കർ), പാലക്കാട‌്‐ 63 (114.91), പത്തനംതിട്ട‐38 (176.34), ഇടുക്കി ട്രൈബൽ ഡെവല‌പ‌്മെന്റ‌് ഓഫീസർ 24 (60), ഇടുക്കി പ്രൊജക്ട‌് ഓഫീസർ‐ 31 (48.59), എറണാകുളം‐ 18 (32.73), കൊല്ലം‐ 22 (29.35), കോട്ടയം‐ 17 (29.13), തിരുവനന്തപുരം‐5 (3.61), കോഴിക്കോട‌്‐ 3 (6), മലപ്പുറം‐ 1 (2.23).

പട്ടികവർഗ വികസന വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം പട്ടികവർഗ വിഭാഗത്തിൽ 11376 ഭൂരഹിതരുണ്ട‌്. ഈ കണക്ക‌് അന്തിമമല്ല. ലഭ്യമായ കണക്കുകൾ പ്രകാരം വയനാട്ടിലാണ‌് കൂടുതൽ ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾ. 8263 ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾ ഇവിടെയുണ്ട‌്. പാലക്കാട‌്‐679, മലപ്പുറം‐598, കാസർകോട‌്‐503, ആലപ്പുഴ‐290,  കണ്ണൂർ‐264, പത്തനംതിട്ട‐181,  കോട്ടയം‐124, എറണാകുളം‐128, കോഴിക്കോട‌്‐117, ഇടുക്കി‐117, തൃശൂർ‐48, കൊല്ലം‐37, തിരുവനന്തപുരം‐27 എന്നിങ്ങനെയാണ‌് ഭൂരഹിത കുടുംബങ്ങളുടെ കണക്ക‌്.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക‌് ഭൂമി നൽകാൻ യുഡിഎഫ‌് സർക്കാർ ആരംഭിച്ച ‘ആശിക്കും ഭൂമി ആദിവാസിക്ക‌്’ പദ്ധതിയുമായി ബന്ധപ്പെട്ട‌് ക്രമക്കേടും ആക്ഷേപങ്ങളും ഉയർന്നിരുന്നു.

ഇതേ തുടർന്നാണ‌് പുതിയ പദ്ധതി എൽഡിഎഫ‌് സർക്കാർ ആവിഷ‌്കരിച്ചത‌്. എല്ലാവിധ സുതാര്യതയും ഉറപ്പാക്കിയാണ‌് പദ്ധതി നടപ്പാക്കുന്നത‌്.
താമസിക്കാനും കൃഷിചെയ്യാനും കഴിയുന്ന ഭൂമിയാകും ആദിവാസി കുടുംബങ്ങൾക്ക‌് നൽകുക. കുടുംബങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും  ഉറപ്പാക്കും.

For InstantView News @NewsHeadIV

Deshabhimani
ഭൂരഹിതരായ 1000 ആദിവാസികൾക്ക‌് ഭൂമി
ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി വിലയ‌്ക്ക‌് വാങ്ങി സൗജന്യമായി നൽകുന്നതിന‌് സംസ്ഥാന സർക്കാർ ആവിഷ‌്കരിച്ച പദ്ധതിയിലേക്ക‌് ഭൂമി നൽകാൻ 551 ഭൂവുടമകൾ സന്നദ്ധത അറിയിച്ചു