ഇതാ ഹൃദയംകൊണ്ടൊരു വിലാപകാവ്യം

ഇതാ ഹൃദയംകൊണ്ടൊരു വിലാപകാവ്യം
@NewsHead

ആലപ്പൂഴ
വർഗീയതയുടെ വിഷം പുരണ്ട കരാളഹസ‌്തങ്ങളാൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചുള്ള അവന്റെ അമ്മയുടെ കരച്ചിൽ  കണ്ട എച്ച് സലാമിന് സങ്കടം അടക്കാനായില്ല. അന്ത്യയാത്ര ടിവിയിൽ കണ്ട‌് ഒറ്റയ‌്ക്കിരുന്നു കരഞ്ഞു. പിന്നെ ആ നോവിനെ കവിതയായി പകർത്തി. ഫെയ‌്സ്ബുക്കിലും യു ട്യൂബിലും പോസ്റ്റു ചെയ്ത ‘പത്മവ്യൂഹത്തിലെ അഭിമന്യു’ കവിത ഇതിനകം അരലക്ഷംപേരാണ‌് കണ്ടത‌്. വാട്സാപ‌് വഴിയും ആയിരങ്ങൾ കവിതയുടെ വീഡിയോ പങ്കുവയ‌്ക്കുന്നു. ഹൃദയത്തിൽ അനുഭവപ്പെട്ട വേദനയും വികാരങ്ങളും അക്ഷരങ്ങളായി രൂപപ്പെട്ടപ്പോൾ അത് മികച്ച കവിതയും അഭിമന്യുവിന് നിതാന്ത സ്മാരകവുമായി മാറി. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ‌് സലാം.

സലാം വല്ലപ്പോഴും കവിതയെഴുതിയിട്ടുണ്ടെങ്കിലും  ഒരിക്കൽപ്പോലും പ്രസിദ്ധീകരിക്കാൻ ധൈര്യം കാട്ടിയിട്ടില്ല. കവിത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമെന്ന്   സിപിഐ എം ഏരിയ സെക്രട്ടറി ഓമനക്കുട്ടനും സജീഷ് പരമേശ്വരനും അഭിപ്രായപ്പെട്ടപ്പോൾ അത് ഇത്രയ്ക്ക് വൈറലാകുമെന്നും കരുതിയില്ല.  ജൂലൈ 10നാണ‌് കവിത സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ‌് ചെയ്തത‌്.

'ഞാൻ പെറ്റ മകനേ
എന്റെ പൊൻ കിളിയേ
നെഞ്ചു പിളർന്നമ്മ
തേങ്ങുന്ന നോവേ
മലയോളം സ്വപ്നങ്ങൾ
നെഞ്ചിൽ നിറച്ചും
മലയിറങ്ങീടും
മലഞ്ചിറക്കിൻമേലേ
കയറിക്കുലുങ്ങി നീ
യാത്ര ചെയ്തെത്തുന്ന
പൊരുതും കലാലയം
തേങ്ങീടുന്നു'

എന്നു തുടങ്ങുന്ന വരികൾ  ‘ കരളിന്റെയുള്ളിലെ ചെഞ്ചുവപ്പേ, ഇടനെഞ്ചിനുള്ളിലേ ചങ്കിടിപ്പേ’  എന്നാണ‌് അവസാനിക്കുന്നത‌്.
കവിതയ്ക്ക് സംഗീതം നൽകിയ സജീഷ് പരമേശ്വരൻതന്നെയാണ് ആലാപനം. ദൃശ്യാവിഷ്കാരം ഹരിൻ പുന്നപ്ര.  പ്രസിദ്ധീകരിക്കാൻ ഒരിക്കലും ഉദ്ദേശിച്ചല്ല കവിത രചിച്ചതെന്ന‌് സലാം പറഞ്ഞു.

അമ്മ, അയ‌് ലാൻ കുർദ്ദി, പ്രണയം, പെങ്ങൾ, പുന്നപ്ര വയലാർ, പ്രണയച്ചുവപ്പ‌്  തുടങ്ങിയ കവിതകൾ എഴുതിയിട്ടുണ്ട‌്. ആലപ്പുഴയിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിനുവേണ്ടി ‘ ആലപ്പുഴയുണരുന്നു....’ എന്ന ഗാനം രചിച്ചു.

വണ്ടാനം സ്വദേശി ഉച്ചിപ്പുഴയിൽ എച്ച‌് സലാം  ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു . എസ‌്എഫ‌്ഐ ജില്ലാ ജോയിന്റ‌് സെക്രട്ടറി, കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. ചേതന പാലിയേറ്റീവ‌് സൊസൈറ്റി സെക്രട്ടറിയാണ‌്.  വീഡിയോ കണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അടക്കമുള്ള നേതാക്കൾ ഫോണിൽ വിളിച്ച് അഭിനന്ദിച്ചുവെന്ന് സലാം പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളമുള്ള എസ്എഫ്ഐ പ്രവർത്തകരും മുൻ പ്രവർത്തകരും മാത്രമല്ല, മഹാരാജാസ് കോളേജിനു സമീപം തൊഴിലെടുക്കുന്ന ചുമട്ടുതൊഴിലാളികൾ വരെ വിളിച്ച് അഭിനന്ദിച്ചു. അഭിമന്യുവിനോടുള്ള  സ്നേഹവായ്പുകൂടിയായാണ് കവിതയുടെ സ്വീകാര്യതയ‌്ക്ക‌് പിന്നിലെന്ന‌് സലാം പറഞ്ഞു.

For InstantView News @NewsHeadIV