യുവതിയെ ബന്ദിയാക്കി വിവാഹം ഉറപ്പിച്ചു

യുവതിയെ ബന്ദിയാക്കി വിവാഹം ഉറപ്പിച്ചു
@NewsHead

ഭോപ്പാല്‍- മധ്യപ്രദേശില്‍ ഒരു പകല്‍ മുഴുവന്‍ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബന്ദി നാടകത്തിന് ശുഭപര്യവസാനം. അപ്പാര്‍ട്ട്‌മെന്റില്‍ ബന്ദിയാക്കപ്പെട്ട യുവതിയും ബന്ദി നാടകത്തിലെ നായകനും വിവാഹിതരാകുമെന്ന പ്രഖ്യാപനത്തോടെയാണ് സംഭവത്തിനു തിരശ്ശീല വീണത്. രാവിലെ ആറ് മണിയോടെയാണ് ഭോപ്പാലിലെ മിസ്‌റോഡ് പ്രദേശത്തെ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ 30 കാരിയായ മോഡലിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സംവിധായകനായ രോഹിത് (30) കയറിയത്. ഉടന്‍ തന്നെ വാതിലടച്ച ഇയാള്‍ യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. യുവതി വാതില്‍ തുറന്നുകൊടത്താണ് ഇയാള്‍ അകത്ത് കയറിയത്.

അയല്‍ക്കാര്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ച് അകത്തു കയറാന്‍ ശ്രമിച്ചപ്പോള്‍ രോഹിത് കത്രിക കൊണ്ട് നേരിടുകയായിരുന്നു. തന്റെ കൈയിലുളള നാടന്‍ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐ ജി.എസ്. രജ്പുത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. വിഡിയോ ചാറ്റിനുപുറമെ, അഗ്നിശമന സേനയുടെ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് അഞ്ചാം നിലയിലെ ജനലിനടുത്തുപോയി നേരിട്ടും സംസാരിച്ചു. ഇതിനിടയില്‍ രോഹിത് ഭക്ഷണവും വെള്ളവും മൊബൈല്‍ ചാര്‍ജറും ഒരു മുദ്രക്കടലാസും ആവശ്യപ്പെട്ടു. വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് യുവതിയെ കൊണ്ട് എഴുതി ഒപ്പിടുവിക്കാന്‍ ശ്രമിച്ച ഇയാള്‍ ജനാലയിലൂടെ വിജയ ചിഹ്നം കാണിച്ചുവെന്നും പോലീസ് പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പോലീസിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും അപ്പാര്‍ട്ട്‌മെന്റിനകത്ത് പ്രവേശിക്കാനായത്.
രക്ഷപ്പെടുത്തിയ യുവതിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചതായും പോലീസ് പറഞ്ഞു.
രോഹിതും യുവതിയും നേരത്തെ മുംബൈയില്‍ ജോലി ചെയ്തപ്പോള്‍തന്നെ പരിചയമുണ്ടായിരുന്നുവെന്നും ഇരുവരുടെയും വിവാഹത്തിനു കുടുംബങ്ങള്‍ തടസ്സം നിന്നിരുന്നുവെന്നും പറയുന്നു.
21:15 PM, Jul 13
India
title_en:
Man from Bhopal took a model hostage inside a flat

For InstantView News @NewsHeadIV