തെരഞ്ഞെടുപ്പ് റാലികളില്‍ ബോംബാക്രമണം; പാക്കിസ്ഥാനില്‍ നൂറിലെറെ മരണം

തെരഞ്ഞെടുപ്പ് റാലികളില്‍ ബോംബാക്രമണം; പാക്കിസ്ഥാനില്‍ നൂറിലെറെ മരണം
@NewsHead

സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു, ഇസ്‌ലാമിസ്റ്റ് നേതാവ് രക്ഷപ്പെട്ടു
ക്വറ്റ- പാക്കിസ്ഥാനില്‍ രണ്ട് തെരഞ്ഞെടുപ്പ് റാലികളിലുണ്ടായ ബോംബാക്രമണങ്ങളില്‍ 133 പേര്‍ കൊല്ലപ്പെടകയും 70 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റക്കു സമീപം മസ്തൂംഗ് പട്ടണത്തിലുണ്ടായ സ്‌ഫോടനത്തിലാണ് 128 മരണം. ഇവിടെ പരിക്കേറ്റ 40 പേരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചാവേര്‍ ആക്രമണമായിരുന്നുവെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി ആഗ ഉമര്‍ ബംഗള്‍സായി പറഞ്ഞു. പുതുതായി രൂപീകൃതമായ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിറാജ് റൈസാനി സ്‌ഫോടനത്തില്‍ മരിച്ചതായി  സ്ഥിരീകരിച്ചു. ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സിറാജ് റൈസാനി മരിച്ചത്.
വടക്കു പടിഞ്ഞാറന്‍ പക്കിസ്ഥാനിലുണ്ടായ ബോംബാക്രമണത്തില്‍ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹന വ്യൂഹം ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തില്‍ ഇവിടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ മാസം 25 ന് പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടി റാലി ലക്ഷ്യമിട്ട് നടന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
ഖൈബര്‍ പക്തുണ്‍ഖ്വ മുന്‍ മുന്‍ മുഖ്യമന്ത്രിയും ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം-ഫസല്‍ (ജെ.യു.ഐ-എഫ്) കേന്ദ്ര നേതാവ് അക്രം ദുറാനിയുമാണ് സ്‌ഫോടനത്തില്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ബന്നുവിലാണ് ഇദ്ദേഹം സഞ്ചരിച്ച വാഹന വ്യൂഹം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബോബ് ഒളിപ്പിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ ദുറാനിയുടെ വാഹനത്തിന്റെ തൊട്ടടുത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. വിവിധ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ സഖ്യമായ മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) സ്ഥാനാര്‍ഥിയാണ് ദുറാനി. വടക്കന്‍ വസീറിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ദുറാനി ആക്രമിക്കപ്പെട്ടത്. പൊതുയോഗത്തിനു നിശ്ചയിച്ചിരുന്ന വേദിയില്‍നിന്ന് 40 മീറ്റര്‍ മാത്രം അകലെയായിരുന്നു സ്‌ഫോടനമെന്ന് ബന്നു റീജനല്‍ പോലീസ് ഉദ്യോസ്ഥന്‍ കരീം ഖാന്‍ പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ച് പേര്‍ അപകടനില തരണം ചെയ്തിട്ടില്ല. ജൂലൈ 25 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരവും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാനാണ് ദുറാനിയുടെ എതിരാളി. അക്രമം ദുറാനിക്കും അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനും നേരെ നടന്ന ഭീകരാക്രമണത്തെ ശക്തിയായി അപലപിച്ച് ഇംറാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ചരിത്രപ്രധാന തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ജനത ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ പെഷാവറില്‍ ഈ മാസം പത്തിന് താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ അവാമി നാഷണല്‍ പാര്‍ട്ടി നേതാവ് ഹാറൂണ്‍ ബിലൗറടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് റാലയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഈ മാസാദ്യം തെരഞ്ഞെടുപ്പ് റാലിയിലുണ്ടായ ആക്രമണത്തില്‍ എം.എം.എ സ്ഥാനാര്‍ഥിയടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു.
21:30 PM, Jul 13
International
suicide blast

pakistan

quetta
title_en:
suicide blast in pakistan

For InstantView News @NewsHeadIV