വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍
@NewsHead

പത്തനംതിട്ട- ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. മൂന്നാംപ്രതി ജോണ്‍സണ്‍ വി. മാത്യുവാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായിരിക്കുകയാണ്. വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി അന്വേഷണസംഘം പിടികൂടിയത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണസംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
കാറിനുള്ളില്‍ വെച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നാണ് ജോണ്‍സണ്‍ വി. മാത്യുവിനെതിരായ പരാതി.
കേസില്‍ കീഴടങ്ങാനുള്ള വൈദികര്‍ ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെ ഒന്നരയോടെ അറസ്റ്റ് ചെയ്യപ്പെട്ട വൈദികനെ 2 മണിക്ക് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ് പി സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം വൈദികനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്കെതിരെയുളള കുറ്റങ്ങള്‍ വൈദികന്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4 മണിയോടെ വൈദികനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് ലൈംഗിക ശേഷി ഉള്‍പ്പെടെയുള്ള  വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് അഞ്ചരയോടെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കാര്‍ത്തിക മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് പത്തനംതിട്ട സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.  ഇപ്പോഴും ഒളിവിലായിരിക്കുന്ന ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസ് നാലാം പ്രതി ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു. മുന്‍കൂര്‍  ജാമ്യം തേടി ഇരുവരും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിന് മുമ്പായി ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി  ഇരുവരുടെയും ബന്ധു വീടുകളിലടക്കം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കുന്നവരെയും പ്രതിചേര്‍ത്തേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
21:45 PM, Jul 13
Kerala
church rape case

kerala rape case
title_en:
one more arrest in rape case

For InstantView News @NewsHeadIV