വാട്‌സാപ്പ് നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

വാട്‌സാപ്പ് നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി
@NewsHead

ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്' സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഡിജിറ്റല്‍- സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സംവിധാനം രൂപീകരിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തീരുമാനമെടുത്തതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുല മോയിത്രയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലൂടെ വ്യക്തികളുടെ അഭിപ്രായങ്ങള്‍ പരിശോധിക്കാനുള്ള ഗൂഢനീക്കമാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റമാണെന്നു മഹുല മൊയിത്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. ആദ്യം സമൂഹ മാധ്യമങ്ങളില്‍ തുടങ്ങുന്ന പരിശോധന പിന്നീട് സ്വകാര്യ സംഭാഷണങ്ങളും ഇ-മെയില്‍ സന്ദേശങ്ങളും പരിശോധിക്കുന്ന ഘട്ടത്തിലേക്കു വ്യാപിക്കുമെന്നും അതു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കു വരെ കടന്നുകയറ്റമാകുമെന്നും ഹരജിക്കാരി വാദിച്ചു.
'വാട്‌സ് ആപ്പ് മെസേജുകള്‍ പരിശോധിച്ച് ജനങ്ങളെ കുടുക്കിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഒാരോ ട്വീറ്റും വാട്‌സ് ആപ്പ് മെസേജുകളാണെങ്കിലും അതു പരിശോധിക്കാനാണെങ്കില്‍ ഇതു ഭരണകൂട നിരീക്ഷണം നടത്താനുള്ള നീക്കമായിട്ടുവേണം കരുതാന്‍'- മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
വിഷയം വിശദമായി പരിശോധിക്കാമെന്നു വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, കേസില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസയയ്ക്കാന്‍ നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ഓഗസ്റ്റ് മൂന്നിനു കേസ് വീണ്ടും പരിഗണിക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടു കോടതിയെ സഹായിക്കാനും കോടതി നിര്‍ദേശം നല്‍കി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നു മെഹുല മൊയിത്ര ജൂണ്‍ 18നു കോടതിയില്‍ ഉന്നയിച്ചെങ്കിലും അന്ന് ഇടപെടാന്‍ തയാറായിരുന്നില്ല.
23:15 PM, Jul 13
India
WhatsApp

Whatsapp tracking
title_en:
SC raps government over WhatsApp tracking

For InstantView News @NewsHeadIV