അധികാരത്തിലെത്തിയാൽ പെട്രോൾ  ജി.

അധികാരത്തിലെത്തിയാൽ പെട്രോൾ  ജി.എസ്.ടി പരിധിയിൽ കൊണ്ടുവരും -രാഹുൽ
@NewsHead

ജയ്പുർ- രാജസ്ഥാനിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. റാഫേൽ കരാറിലടക്കം രാജ്യതാൽപര്യത്തെ ബലി കഴിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്ത്രപ്രധാനമായ കരാറിൽ ഒപ്പിടുമ്പോൾ എന്തുകൊണ്ട് എഴുപത് വർഷത്തിലേറെയായി രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റനോട്ടിക്കൽ ലിമിറ്റഡിനെ പരിഗണിച്ചില്ലെന്ന് രാഹുൽ ചോദിച്ചു.
യു.പി.എ സർക്കാർ ഭരിക്കുമ്പോൾ 540 കോടി രൂപക്ക് ഒരു എയർക്രാഫ്റ്റ് ലഭ്യമാക്കുന്ന കരാറായിരുന്നു ഒപ്പിട്ടിരുന്നത്. ഇതെങ്ങനെയാണ് ബി.ജെ.പി സർക്കാറിന് കീഴിൽ 1,600 കോടി രൂപയായതെന്ന് കേന്ദ്രം വ്യക്തമാക്കണം. ഈ ചോദ്യം ഉന്നയിക്കുമ്പോൾ തനിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. താനീ രാജ്യത്തിന്റെ കാവൽക്കാരനാണെന്നും മോഡി പറയുന്നു. പാർലമെന്റിൽ ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിലും നാവനക്കാൻ മോഡി തയാറായിട്ടില്ല.
പ്രതിവർഷം രണ്ടു കോടി തൊഴിലവസരം ലഭ്യമാക്കുമെന്ന മോഡിയുടെ വാഗ്ദാന ലംഘനവും രാഹുൽ ചൂണ്ടിക്കാട്ടി. ചൈന ഓരോ 24 മണിക്കൂറും അരലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുമ്പോൾ ഇന്ത്യക്ക് നൽകാനാകുന്നത് വെറും 450 പേർക്ക് മാത്രമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് കഠിനാധ്വാനികളും പ്രതിഭയുമുള്ള യുവാക്കളുള്ളത്. എന്നാൽ, അവർക്കാവശ്യമായ തൊഴിൽ ലഭ്യമാക്കാനാകുന്നില്ല. ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പട്ടില്ല. കർഷക ലോണുകൾ എഴുതിത്തള്ളുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും നിറവേറിയില്ല.
രാജ്യത്തെ പതിനഞ്ച് കോർപ്പറേറ്റ് കമ്പനികളുടെ 2,30,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. കർഷകരുടെ വായ്പകളിൽ പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. കോർപ്പറേറ്റുകൾ ലോൺ അടച്ചില്ലെങ്കിൽ അവരെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി വായ്പയിൽ നിന്ന് ഒഴിവാക്കും. അതേസമയം, കർഷകരെ ജയിലിലേക്ക് അയക്കുകയും ചെയ്യും. ഇത് വിവേചനമാണ്. കോർപ്പറേറ്റുകളെ പുണരുകയാണെങ്കിൽ ഈ രാജ്യത്തെ കർഷകരെയും നിങ്ങൾ പുണരണം. നോട്ടു നിരോധനം ഏർപ്പെടുത്തിയത് രാജ്യത്തെ കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണെന്ന ഗുരുതരമായ ആരോപണവും രാഹുൽ ഉന്നയിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പെട്രോൾ, ഡീസൽ അടക്കമുള്ള മുഴുവൻ ഉൽപ്പന്നങ്ങളെയും ജി.എസ്.ടിയുടെ പരിധിയുടെ കൊണ്ടുവരുമെന്നും എല്ലാ വസ്തുക്കൾക്കും ഒറ്റ സ്ലാബ് ഏർപ്പെടുത്തുമെന്നും രാഹുൽ വ്യക്തമാക്കി.
ബേട്ടി ബച്ചാവോ ബേട്ടി പഥാവോ എന്ന് മോഡി പലവട്ടം പറയാറുണ്ട്. പക്ഷെ എവിടെയാണ് പെൺകുട്ടികൾ സംരക്ഷിക്കപ്പെടുന്നത് എന്നദ്ദേഹം ഒരിടത്തും പറയാറില്ല. യു.പിയിൽ ബി.ജെ.പി എം.എൽ.എയാണ് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. രാജസ്ഥാനിലും പെൺകുട്ടികൾക്ക് ഒറ്റക്ക് നടക്കാനാകില്ല. കോൺഗ്രസിന്റെ എഴുപത് കൊല്ലത്തെ ഭരണത്തിനിടയിൽ സ്ത്രീകൾ രാജ്യത്ത് ദുരിതം അനുഭവിച്ചിട്ടില്ല. പക്ഷെ, എന്നാലിപ്പോൾ സ്ത്രീകൾ കടുത്ത ദുരിതത്തിലാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നു രാഹുൽ വ്യക്തമാക്കി. ഒരു സ്ഥാനാർഥിയെയും കെട്ടിയിറക്കില്ല. പ്രാദേശിക വികാരമനുസരിച്ച് മാത്രമേ സ്ഥാനാർഥികളെ നിർത്തൂ. ഒന്നാമത്തെ ലക്ഷ്യം നിയമസഭയിലെ വിജയമാണ്. അടുത്ത ലക്ഷ്യം ലോക്‌സഭയും -രാഹുൽ വ്യക്തമാക്കി.
22:00 PM, Aug 11
India
title_en:
Petrol will be brought under GST -rahul gandhi

For InstantView News @NewsHeadIV