ധനുവച്ചപുരം കോളേജിലെ എസ്‌എഫ്‌ഐ വനിതാ പ്രവർത്തകരുടെ വീടിനുനേരേ ആർഎസ്‌എസ്‌ ആക്രമണപരമ്പര; ഒരു രാത്രിയിൽ മൂന്ന്‌ വീടുകൾ ആക്രമിച്ചു

ധനുവച്ചപുരം കോളേജിലെ എസ്‌എഫ്‌ഐ വനിതാ പ്രവർത്തകരുടെ വീടിനുനേരേ ആർഎസ്‌എസ്‌ ആക്രമണപരമ്പര; ഒരു രാത്രിയിൽ മൂന്ന്‌ വീടുകൾ ആക്രമിച്ചു
@NewsHead

തിരുവനന്തപുരം > ധനുവച്ചപുരം കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരായ മൂന്ന്‌ പെൺകുട്ടികളുടെ വീട്‌ ഒരു രാത്രിയിൽ ആർഎസ്‌എസ്‌ ആക്രമിച്ചു. എബിവിപിയുടെ ശക്തി കേന്ദ്രമായ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ചതിന്റെ പ്രതികാരമായാണ്‌ ആസൂത്രിതമായ ആക്രമണ പരമ്പര.

തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്‌എസ്‌ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ എസ് എസ് അഞ്ജലി, എസ്‌എഫ്‌ഐ പ്രവർത്തകരായ എൻ കെ കരുണ, എ ജി വിദ്യ എന്നിവരുടെ വീടിന് നേരെയാണ് സംഘപരിവാർ ആക്രമണം.

ഇന്നലെ രാത്രി രണ്ട് മണിയോട് കൂടിയാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻറും ഡിഗ്രി രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനിയുമായ അജ്ഞലിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്‌. ആറയൂർ കൊടിത്തറക്കുഴി ചാവല്ലൂർ പൊറ്റയിൽ സുരേഷ് കുമാറിന്റെ മകളാണ്‌ അഞ്ജലി. വീട്ടിലുള്ളവരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരിങ്കൽക്കഷണങ്ങൾ എറിയുകയായിരുന്നു. കല്ലേറിൽ വീടിന് മുന്നിലെ ജനൽ ചില്ലുകൾ തകർന്നു .ജനലിനരികിലെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സുരേഷ് കുമാറിന്റെ ദേഹത്ത് പൊട്ടിയ ജനൽച്ചില്ല് പതിച്ചു. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. അത്യുഗ്രശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടപ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ പാറശാല പോലീസ് കേസെടുത്തു.

നെയ്യാറ്റിൻകര പെരുങ്കടവിളക്കു സമീപം ആലത്തൂർ കരുണാനിവാസിൽ കരുണാകരന്റെ മകൾ എൻ കെ കരുണയുടെ വീടിനുനേരെയും പുലർച്ചെ 1.15ന്‌ ആക്രമണമുണ്ടായി. ധനുവച്ചപുരം കോളേജിൽ മൂന്നാം വർഷ ബി എ വിദ്യാർഥിയും മൂന്നാം വർഷ വിദ്യാർഥിനിയാണ്‌ കരുണ. കോളേജിനു മുന്നിൽ എസ്‌എഫ്‌ഐ കൊടിമരം സ്ഥാപിച്ചതിനോടനുബ്ന്ധിച്ച്‌ നടന്ന പ്രകടനത്തിൽ കരുണ പങ്കെടുത്തതാണ്‌ പ്രകോപനം. ബൈക്കിലെത്തിയ സംഘം കല്ലും ബിയർ കുപ്പികളും വീട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. ജനൽച്ചില്ലുകൾ തകർന്നു.

പെരുങ്കടവിള ചുള്ളിയൂർ വൃന്ദാഭവനിൽ അജിതാകുമാരിയുടെ മകൾ എ ജി വിദ്യയുടെ വീടിനുനേരെയും ഇന്ന്‌ പുലർച്ചെ സംഘപരിവാർ ആക്രമണമുണ്ടായി. മൂന്നാം വർഷ വിദ്യാർഥിനിയായ വിദ്യയും സജീവ എസ്‌എഫ്‌ഐ പ്രവർത്തകയാണ്‌.

ധനുവച്ചപുരം കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ചത് മുതല്‍ പ്രവർത്തകർക്കുനേരെ സംഘപരിവാർ കൊലവിളി ഉയർത്തുന്നതായി അഞ്ജലി പറഞ്ഞു. വീട്‌ ആക്രമിച്ച സംഘത്തില്‍ മൂന്നിലധികം പേർ‍ ഉണ്ടായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്‌ ആയതു മുതൽ എബിവിപി പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അഞ്ജലി പറഞ്ഞു.

നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്ഐ ധനവച്ചപുരം കോളേജില്‍ യൂണിറ്റ് പുനഃസ്ഥാപിക്കുന്നത്. യൂണിറ്റ് രൂപീകരിച്ചതിന് ശേഷം പ്രിന്‍സിപ്പാളിന്‍റെ മകളെ പരീക്ഷ എ‍ഴുതിക്കില്ലെന്ന് ആര്‍എസ്എസുകാര്‍ പ്രഖ്യാപിച്ചിരുന്നു. കോളേജിലെ അധ്യാപികമാരെ അസഭ്യം പറഞ്ഞതിന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെതിരെ പോലീസ് കേസും എടുത്തിരുന്നു.

For InstantView News @NewsHeadIV