മഴക്കെടുതി

മഴക്കെടുതി: കുവൈത്ത് പൊതുമരാമത്ത് മന്ത്രി രാജിവെച്ചു
@NewsHead

കുവൈത്ത് സിറ്റി - കനത്ത മഴക്കിടെ രാജ്യത്തുണ്ടായ നാശനഷ്ടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍കാര്യ സഹമന്ത്രിയുമായ എന്‍ജിനീയര്‍ ഹുസാം അല്‍റൂമി രാജിവെച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ പദവി നഷ്ടപ്പെടുന്ന മൂന്നാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് എന്‍ജിനീയര്‍ ഹുസാം അല്‍റൂമി. കനത്ത മഴയുടെ ഫലമായി സ്വദേശികളുടെയും വിദേശികളുടെയും സ്വത്തുവകകള്‍ക്കുണ്ടായ വലിയ നാശനഷ്ടങ്ങളിലും പൊതുമുതലുകള്‍ നശിച്ചതിലും അഗാധമായ ഖേദമുള്ളതായി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ എന്‍ജിനീയര്‍ ഹുസാം അല്‍റൂമി പറഞ്ഞു. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ താന്‍ പൊതുമരാമത്ത് മന്ത്രി പദവിയില്‍ പുതിയ ആളാണ്. പൊതുമുതല്‍ സംരക്ഷിക്കുന്നതിനും അഴിമതി ചെറുക്കുന്നതിനും ഭംഗിയായി കൃത്യനിര്‍വഹണം നടത്തുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും താന്‍ നടത്തിയിട്ടുണ്ട്. മഴക്കെടുതികളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

എന്‍ജിനീയര്‍ ഹുസാം അല്‍റൂമി

പൊതുമരാമത്ത് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്. റോഡ്‌സ് അതോറിറ്റി മേധാവിക്കും പൊതുമരാമത്ത് മന്ത്രാലയ അണ്ടര്‍ സെക്രട്ടറിക്കും ഉപപ്രധാനമന്ത്രി അനസ് അല്‍സ്വാലിഹ് കഴിഞ്ഞ ചൊവ്വാഴ്ച നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കിയിരുന്നു. വെള്ളം മൂടിയ റോഡുകളും തകര്‍ന്ന റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് സൈന്യവും ആഭ്യന്തര മന്ത്രാലയവും അഗ്നിശമന വിഭാഗവും ബന്ധപ്പെട്ട വകുപ്പുകളും ഏകോപനത്തോടെ കര്‍മരംഗത്തുണ്ട്. കനത്ത മഴക്കിടെ അല്‍റഖ, സ്വബാഹിയ, അല്‍മന്‍ഖഫ്, അല്‍ഫഹൈഹില്‍ എന്നിവിടങ്ങളില്‍ വൈദ്യുതി സ്തംഭിച്ചിരുന്നു. വൈകാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് സാധിച്ചതായി വൈദ്യുതി, ജല മന്ത്രാലയം പറഞ്ഞു.
കുവൈത്തില്‍ പ്രളയത്തില്‍ പെട്ട് ഒരാള്‍ മരിച്ചതായി അഗ്നിശമന വിഭാഗം സ്ഥിരീകരിച്ചു. ബിദൂന്‍ വിഭാഗക്കാരനായ അഹ്മദ് അല്‍ഫദ്‌ലി (50) ആണ് മരിച്ചത്. കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. പ്രളയത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കുവൈത്തില്‍ നാളെയും മഴക്കുസാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഖറാവി പറഞ്ഞു.
15:45 PM, Nov 10
Gulf
Kuwait

kuwait flood
title_en:
Kuwait Public Works Minister resigns

For InstantView News @NewsHeadIV