രാജസ്ഥാനിൽ പരാതിപ്രവാഹം; വോട്ടിങ‌് യന്ത്രം തെരുവിൽ

രാജസ്ഥാനിൽ പരാതിപ്രവാഹം; വോട്ടിങ‌് യന്ത്രം തെരുവിൽ
@NewsHead

ന്യൂഡൽഹി > രാജസ്ഥാനിൽ പോളിങ‌് ‌പൂർത്തിയായതോടെ ഇലക‌്ട്രോണിക‌് വോട്ടിങ‌് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരാതി വ്യാപകമായി. ബരാൻ ജില്ലയിലെ കിഷൻഗഞ‌്ജ‌് നിയോജക മണ്ഡലത്തിലെ ഷാബാദ‌് മേഖലയിൽ സീൽചെയ‌്ത വോട്ടിങ‌് യന്ത്രം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാത 27ൽ മുഗാവലി ഗ്രാമത്തിന‌് സമീപമാണ‌് കണ്ടെത്തിയത‌്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന‌് പൊലീസെത്തി വോട്ടിങ‌് യന്ത്രം കസ‌്റ്റഡിയിൽ എടുത്തു. സീൽ ചെയ‌്ത നിലയിലായതിനാൽ  ഈ തെരഞ്ഞെടുപ്പിൽ പോളിങ്ങിന‌് ഉപയോഗിച്ചതാണെന്ന‌് പൊലീസ‌് സ്ഥിരീകരിച്ചു.

അതേസമയം, ബിജെപി സ്ഥാനാർഥിക്ക‌് വോട്ട‌് ചെയ്യാൻ ജയ‌്പുരിലെ ബൂത്തിൽ പോളിങ് ഓഫീസർ വോട്ടർമാരെ നിർബന്ധിച്ചതായി മാധ്യമപ്രവർത്തകൻ റിപ്പോർട്ട‌് ചെയ‌്തു. സംഗനേരി ഗെയ‌്റ്റിലെ ആദർശ‌് നഗർ ബൂത്തിലെത്തിയ ‘ടൈംസ‌് ഓഫ‌് ഇന്ത്യ’ റിപ്പോർട്ടർ സിദ്ധാർഥ ദത്തയാണ‌് വിവരം വെളിപ്പെടുത്തിയത‌്. ഇലക‌്ട്രോണിക‌് വോട്ടിങ് യന്ത്രത്തിലെ ഒന്നാംനമ്പർ ബട്ടൺ തന്നെ അമർത്തണമെന്നാണ‌് ഓഫീസർ നിർബന്ധിച്ചത‌്. ബിജെപി സ്ഥാനാർഥി അശോക‌്പർണാമിക്ക‌് വോട്ട‌് ഉറപ്പാക്കാനായിരുന്നു ഇടപെടൽ. ഇത‌് ചോദ്യംചെയ‌്ത തന്നെ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന‌് കൈയേറ്റം ചെയ‌്തതായി സിദ്ധാർഥ പരാതിപ്പെട്ടു.

നേരത്തെ വോട്ടെടുപ്പ‌് നടന്ന മധ്യപ്രദേശിലും ഛത്തീസ‌്ഗഢിലും ക്രമക്കേട‌് നടന്നതായി ആക്ഷേപം ശക്തമായിരുന്നു. ഛത്തീസ‌്ഗഢിലെ ജഗദാൽപുരിൽ വോട്ടിങ‌് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ‌്ട്രോങ‌്റൂമിൽനിന്ന‌് ലാപ‌്ടോപ്പുകളുമായി രണ്ട‌ുപേരെ അറസ‌്റ്റ‌് ചെയ‌്തിരുന്നു. മധ്യപ്രദേശിൽ വോട്ടിങ‌് യന്ത്രങ്ങളുമായി പ്രാദേശിക ബിജെപി നേതാവ‌് നടത്തുന്ന ഹോട്ടലിൽ താമസിക്കുന്ന ഷൂജൽപുർ പോളിങ് ഓഫീസറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തെരഞ്ഞെടുപ്പ‌് നടക്കുന്നതിന‌് ഒരുദിവസം മുമ്പ‌ായിരുന്നു ഇത‌്. മധ്യപ്രദേശിലെയും ഛത്തീസ‌്ഗഢിലെയും തെരഞ്ഞെടുപ്പ‌് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകി.

For InstantView News @NewsHeadIV

Deshabhimani
രാജസ്ഥാനിൽ പരാതിപ്രവാഹം; വോട്ടിങ‌് യന്ത്രം തെരുവിൽ
രാജസ്ഥാനിൽ പോളിങ‌് ‌പൂർത്തിയായതോടെ ഇലക‌്ട്രോണിക‌് വോട്ടിങ‌് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരാതി വ്യാപകമായി.